Friday, March 13, 2009

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ..








ഈസ്റ്റര്‍ നോമ്പിന്റെ പുണ്യദിനങ്ങള്‍ പാതിയോളം പിന്നിട്ടിരിക്കുന്നു..ഈ അമ്പതു ദിവസങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു.ഭക്ഷണങ്ങളില്‍ ചില ചിട്ടകള്‍വേണമെന്ന്.അതായത് പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആകുക, പാലും ഉപേക്ഷിക്കാനാവുമെങ്കില്‍ അതും. പ്രാര്‍ത്ഥനകളില്‍ കുറെകൂടി നേരം ചിലവഴിക്കുക.ചിട്ടപ്പെടുത്തിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ട്. ദുശ്ശീലങ്ങളില്‍ നിന്ന് , ദുര്‍മോഹങ്ങളില്‍ നിന്ന്,ദുശ്ചിന്തകളില്‍ നിന്ന്, തെറ്റായ വഴികളില്‍ നിന്ന് പിന്തിരിയുക.തുടങ്ങിയവ.നോമ്പിന്റെ അവസാനദിവസമായ ഈസ്റ്റര്‍ (ഉയിര്‍പ്പു തിരുനാള്‍) ഞയറാഴ്ചയിലേക്ക് പ്രവേശിക്കുവാന്‍ തക്കവണ്ണം ഹൃദയവും മനസ്സും ശുദ്ധീകരിച്ച് ഒരുക്കത്തോടു കൂടെയായിരിക്കണമെന്ന് സഭ..

ഒക്കെ നല്ലതു തന്നെ.പക്ഷേ ബാഹ്യമായ നോമ്പാചരണങ്ങളെല്ലാം തന്നെ ഹൃദയത്തെ തൊടാതെ നമ്മുടെ പുറന്തോടിനെ മാത്രം തലോടി കടന്നുപോകുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഒരു മടുപ്പ് അനുഭവപ്പെടുകയാണ്.കഴിഞ്ഞാഴ്ചയിലൊരു ദിവസം ഒരു ചെറിയ ക്ലാസെടുക്കാന്‍ ക്ഷണം കിട്ടിയിരുന്നു.അല്പം പോലും ആഗ്രഹമുണ്ടായിരുന്നില്ല പോകാന്‍, കാരണം വിശുദ്ധമായ ദൈവവചനത്തെ ഉച്ചരിക്കാന്‍ അര്‍ഹതയില്ലെന്നു വ്യക്തമായി തിരിച്ചറിയുന്നതു കൊണ്ടാണ്.രണ്ടു ദിവസംപുറം ലോകം അടച്ചു വെച്ച് ഞാന്‍ കണ്ണടച്ചിരുന്നു.മറ്റൊന്നും ഉള്ളില്‍ വരുന്നുണ്ടായിരുന്നില്ല.ഒരു കുറ്റബോധമെന്നോ, പാപബൊധമെന്നോ പറയാം.‘ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കണമേയെന്നു പ്രാര്‍ത്ഥിക്കാന്‍,അത് പ്രവത്തിക്കാന്‍ പഠിപ്പിച്ചവന്റെ മുന്നിലേക്ക് ഉള്ളു നിറയെ നീരസവും, പകയുമായി, അഹത്തിന്റെ കടിഞ്ഞാണിനെ നിയന്ത്രിക്കാന്‍ കെല്പില്ലാതെ, അഹന്തയുടെ പൊയ്ക്കാലുകളുമേന്തി,കാപട്യത്തിന്റെ മുഖം മൂടികളുമിട്ട്,ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും തേരിലേറി ഞങ്ങള്‍ക്കെങ്ങനെ വരാന്‍ സാധിക്കുമെന്ന ചോദ്യം ഒരു വ്യഥ പോലെ ഉള്ളില്‍ തളം കെട്ടി നിന്നിരുന്നു..
അനുതാപത്തിന്റെ വഴികളെ പറ്റിയായിരുന്നു സംസാരിച്ചത്.
അനുതപിക്കുകയെന്നാല്‍,
1..നഷ്ടപ്പെട്ടു പോയ നിന്റെ ബന്ധങ്ങളെ വിളക്കിയോചിപ്പിക്കുക എന്നാണ്. ശാരീരിക മുറിവുകളേക്കാള്‍ മനസ്സിനു മുറിവേറ്റര്‍ അധികമുള്ളിടമാണ് ഭൂമി.മൂന്നുതരം ബന്ധങ്ങളുണ്ട് മനുഷ്യന്.ഒന്നാമതായി
ദൈവത്തോട്,പിന്നെ മനുഷ്യരോട്,പിന്നെ ഭൂമിയോട്. സ്വസ്ഥമായ ജീവിതത്തിന് ഈ മൂന്നു ബന്ധങ്ങളും ഒരേപോലെ തന്നെ
ചേര്‍ന്നിരിക്കേണ്ടതുണ്ട്.എവിടെയെങ്കിലും ഒരു കണ്ണി വിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ബാക്കി മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍
കാണാം.നീ ബലിയര്‍പ്പിക്കാനായി വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും (നിനക്ക് അവനോടെന്തെങ്കിലും)
വിരോധമുണ്ടെന്ന് തോന്നിയാല്‍ ബലിവസ്തു അവിടെ ബലിപീഠത്തിന്റെ മുന്‍പില്‍ വെച്ചിട്ട് പോയി നിന്റെ സഹോദരനോട്
നിരപ്പായതിനു ശേഷം മാത്രം വന്നു ബലിയര്‍പ്പിക്കുക എന്ന് ക്രിസ്തു പറയുന്നുണ്ട്..
വീട്ടില്‍, തൊഴിലിടങ്ങളില്‍,ഇടപെടുന്ന വ്യക്തികളില്‍ എവിടെയെങ്കിലും നഷ്ടപ്പെട്ട ബന്ധങ്ങള്‍ കണ്ണികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തി വിളക്കിയോചിപ്പിക്കുക എന്നതാകട്ടെ ഇത്തവണത്തെ നോമ്പിന്റെ വിളി..മുറിവേറ്റവരുടെ മുന്‍പില്‍ മുറിവേല്‍പ്പിച്ചവരുടെ മുന്‍പില്‍ നിന്ന് ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ശിരസ്സു നമിച്ച് പറയാനുള്ള കൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

2അനുതപിക്കുകയെന്നാല്‍ സ്വയം തിരിച്ചറിയുക എന്നാണ്....നിന്റെ തന്നെ കുറവുകളെ,ദൌര്‍ബല്യങ്ങളെ, അതോടൊപ്പം കഴിവുകളെ കണ്ടെത്തി ഉപെക്ഷിക്കേണ്ടവയെ ഉപേക്ഷിച്ചും, പോഷിപ്പിക്കേണ്ടതിനെ പോഷിപ്പിച്ചും കൊണ്ട് പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവുക..പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ നേരിടാനാകാതെ ,സ്വയം അഭിമുഖീകരിക്കാനാവാതെ സ്വയം അംഗീകരിക്കാനാകാതെ പൊള്ളയായ വേഷങ്ങള്‍ കെട്ടി നാം സ്വയം കബളിപ്പിക്കുകയാണ്, മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്നു...

3..അനുതപിക്കുകയെന്നാല്‍ നമ്മുടെ ആദിനൈര്‍മ്മല്യങ്ങളിലേക്ക് മടങ്ങിപ്പോവുകയെന്നാണ്..കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ക്കുണ്ടായിരുന്ന നിര്‍മ്മലത കാലം പിന്നിടുമ്പോള്‍ ജീവിതത്തിന്റെ പരുക്കന്‍ അനുഭവങ്ങള്‍ മൂലം കൈവിട്ടു കളയേണ്ടി വന്നു.കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ..എത്ര പെട്ടെന്നാണ് അവര്‍ തങ്ങളെ മുറിപ്പെടുത്തിയവരോട് ക്ഷമിച്ചിട്ട് വീണ്ടും കൂട്ടു കൂടുന്നത്.മനസ്സിന്റെ അബോധതലങ്ങളിലേക്ക് അവര്‍ തങ്ങളുടെ ദുരനുഭവങ്ങളെ ചേര്‍ത്തുവെച്ചിട്ട് പകയും വിദ്വേഷവും തിരികെ കൊടുക്കുന്നില്ല.പക്ഷേ നമ്മള്‍ മുതിര്‍ന്നവരൊ ‘മരിച്ചാലും ഞാനത് മറക്കില്ലാന്നും,നീയിതിന് അനുഭവിച്ചേ പോകൂ’ന്നൊക്കെ ശാപവാക്കുകളുമായി.അനുതപിക്കുകയെന്നാല്‍ ശൈശവത്തിന്റെ പവിത്രതകളെ തിരികെ പിടിക്കുകയെന്നര്‍ത്ഥം.

4..അനുതപിക്കുകയെന്നാല്‍ നമ്മുടെ തെറ്റായ വഴികളില്‍ നിന്ന്, കാപട്യങ്ങളില്‍ നിന്ന് പിന്മാറുക എന്നീണ്.....എന്നിട്ട് സത്യത്തിന്റെ വഴിയെ പിന്തുടരുക..ഏറ്റവും വലിയ പാപങ്ങളിലൊന്നായി യെഹൂദന്മാര്‍ കണക്കാക്കിയിരുന്ന് വ്യഭിചാരം.പക്ഷേ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടെ സ്ത്രീയെ ‘പോക ഇനി മേല്‍ പാപംചെയ്യരുതെന്നു’ മാത്രം ഉപദേശിക്കുന്ന ക്രിസ്തുവാകട്ടേ പരീശന്മാരുടെയും സാദുക്യരുടെയും കാപട്യത്തെ കഠിനപദങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിക്കുന്നു..വെള്ളയടിച്ച കുഴിമാടങ്ങളെന്നും സര്‍പ്പസന്തതികളെന്നുമൊക്കെ വിളിക്കുന്നു..

ഒരിക്കല്‍ ക്രിസ്തു ഫലമില്ലാതെ നിറയെ ഇല ചൂടി നിന്ന ഒരു അത്തിമരത്തെ ശപിക്കുകയും അതു സമൂലം ഉണങ്ങി പോകുകയും ചെയ്യുന്നുണ്ട്.എപ്പോഴും ശാന്തനായി മാത്രം കാണപ്പെട്ടിരുന്നവന്‍, അത് അത്തിപ്പഴങ്ങളുടെ കാലമല്ലാഞ്ഞിട്ടു കൂടി എന്തിനിങ്ങനെ ചെയ്തുവെന്ന് ചിന്തിച്ചുപോയിട്ടുണ്ട്.അതിന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്ന ഒരു കാര്യം ഇങ്ങനെയാണ്.അതായത് അത്തിമരം അതിന്റെ ഫലമില്ലായ്മയെ പച്ചിലകളാല്‍ മറച്ചുപിടിച്ചിരുന്നു എന്നാണ്.പലപ്പോഴും നമ്മിലും സംഭവിക്കാവുന്ന കാര്യം തന്നെ.

ഫലമുണ്ടെന്നു തോന്നുമാറ്, സ്നേഹമുണ്ടെന്ന് തോന്നുമാറ്, ഭക്തിയുണ്ടെന്നു തോന്നുമാറ്,കരുണയുണ്ടെന്നു തോന്നുമാറ്,കാപട്യങ്ങള്‍ കൊണ്ട് യാഥാര്‍ഥ്യത്തെ മറച്ചു പിടിക്കുന്നവര്‍.. എല്ലാം ഹൃദയങ്ങളെ കാണുന്ന ദൈവത്തിന്റെ മുന്‍പില്‍ എന്ന തിരിച്ചറിവില്ലാതെ..
നോമ്പ് ഒരു തിരിച്ചുവരവാകട്ടെ..ക്രിസ്തുവിലേക്ക്,അവനിലൂടെ നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളീലേക്ക്, അവിടുത്തെ പാദപീഠമായ ഭൂമിയുടെ, പ്രകൃതിയുടെ താളങ്ങളിലേക്ക്...

Thursday, July 31, 2008

മതാത്മകത vs ആത്മീയത..Religiosity & Spirituality..

Religiosity= മതാത്മകത
Spirituality=ആത്മീയത്.
മതാത്മകത എന്നാല്‍ ആചാരങ്ങളീലൂടെ മാത്രം അധിഷ്ടീതമായ ദൈവീകത..ഇവിടെ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ദൈവത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള ശ്രമം. മതാത്മകതയില്‍ നാം, നമ്മുടെ ഇഷ്ടങ്ങള്‍ കേന്ദ്രബിന്ദുവിലും ദൈവത്തെ പെരിഫറിയിലും നിര്‍ത്താന്‍ ശ്രമിക്കുന്നു.അവനവന്റെ ആവശ്യങ്ങള്‍ നേടീയെടൂക്കാനും അവന്റെ തന്റെ നിലനില്പിനും ഒരു സോഷ്യല്‍ ഐഡന്റിറ്റിക്കും മാത്രം വേണ്ടിയുള്ള ആത്മീയത...ഇവിടെ അവനവന്റെ ദൈവത്തെ സംരക്ഷിക്കുവാനുള്ള വ്യഗ്രത കാട്ടുന്നവരെയാണ് കാണുക.

സ്പിരിച്വാലിറ്റി അല്ലെങ്കില്‍ ആത്മീയത എന്നാല്‍ ദൈവവുമായി അതോടോപ്പം മനുഷ്യനുമായും ഏകീഭവിച്ച് ജീവിക്കുക എന്നര്‍ത്ഥം.ഇവിടെ ദൈവഹിതത്തിന് കീഴ്വഴങ്ങാന്‍ സന്നദ്ധനാകുന്ന മനുഷ്യനെയാണ് കണ്ടെത്തുക..ജീവിതം നമുക്ക് എപ്രകാരം നല്‍കപ്പെട്ടിരിക്കുന്നുവോ അതേപടി നമ്മുടെ സാഹചര്യങ്ങളെ ചുറ്റുപാടൂകളെ ,എല്ലാം ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ച് സംതൃപ്തിയോടെ ജീവിക്കാനാവുന്ന അവസ്ഥ..ഇവിടെ ദൈവമാണ് കേന്ദ്രബിന്ദു..നമ്മള്‍ അവനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു..
കൂടൂതല്‍ പേരും റിലീജിയസ് ആണ് പക്ഷേ സ്പിരിച്യുല്‍ അല്ല.
മനുഷ്യന് മൂന്ന് തരം ബന്ധങ്ങളാണ് ‍ ഉള്ളത്.
ഒന്നാമത് ദൈവവുമായി,
രണ്ടാമത് സഹജരുമായി,
മൂന്നാമത് ഭൂമിയുമായി..

യഥാര്‍ത്ഥ ആത്മീയതയില്‍ ഈ മൂന്നു ബന്ധങ്ങളും ആരോഗ്യപരമായി തുടരാനാകും..ദൈവവുമായി നമുക്കുള്ള ബന്ധം ശരിയായിട്ടാണെങ്കില്‍ മനുഷ്യരുമായും നമ്മള്‍ വസിക്കുന്ന ഭൂമിയുമായും നമുക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടാകും..ഈ മൂന്നു ബന്ധങ്ങളും സംതുലനാവസ്ഥയില്‍ നിലനിന്നെങ്കിലേ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിയുകയുള്ളൂ..
ജീവിതത്തിലെ ചെറൂതും വലുതുമായ ഓരോ കാര്യങ്ങളീലും ദൈവഹിതം അന്വോഷിക്കുകയാണ് യഥാര്‍ത്ഥ ആത്മീയത..അല്ലാതെ എന്തിനും ഏതിനും നിഷേധിക്കുകയും പ്രധിഷേധിക്കുകയും പരാതിപ്പെടൂകയും ചെയ്യുമ്പോള്‍ നമുക്ക് നമ്മില്‍ തന്നെ തൃപ്തിപ്പെടാനാകാതെ പോകുന്നു..ഒപ്പം നമുക്കു ചുറ്റുമുള്ളവരിലേക്കും നമ്മുടെ നിഷേധാവസ്ഥ പകരുകയും ചെയ്തു കൊണ്ട് അസംതൃപ്തരാകുന്നു നമ്മള്‍..

ബൈബിളീല്‍ ഒരു ഉപമ പറയുന്നുണ്ട് ക്രിസ്തു..പരീശനും ചുങ്കക്കാരനുംകൂടി പ്രാര്‍ത്ഥിക്കാന്‍ പോയ കഥ.. എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്ന പരീശന്‍ പ്രാര്‍ഥിക്കുന്നത് ഇങ്ങനെയാണ്..“ ദൈവമേ ഞാന്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു.ദശാംശം കൊടൂക്കുന്നു,ഞാന്‍ അക്രമികളും, നീതിരഹിതരും, വ്യഭിചാരികളുമായ മറ്റു മനുഷ്യരെ പോലെയോ ഈ നില്‍ക്കുന്ന ചുങ്കക്കാരനെ പോലെയോ അല്ല എന്നതില്‍ നിനക്കു നന്ദി..’‘ അയാള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെങ്കിലും സ്വയം നീതീകരിക്കുകയാണ്.അനുഷ്ഠാനങ്ങള്‍ പാലിക്കുകയും എന്നാല്‍ മനുഷ്യനില്‍ നിന്നു മുഖം തിരിച്ചു നില്‍ക്കുകയും ചെയ്യുന്ന പരീശന്‍ മതാത്മകനായ മനുഷ്യനാണ്. ദൈവത്തിന്റെ പേരില്‍ സഹ ജീവികളെ കൊല്ലുകയും അക്രമം കാട്ടുകയും ചെയ്തു കൊണ്ട് തങ്ങള്‍ഊടെ തന്നെ ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുവരെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടൂം..
എന്നാല്‍ ചുങ്കക്കാരനാകട്ടെ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.’ദൈവമേ ഞാന്‍ പാപിയായ മനുഷ്യന്‍, നിന്റെ മുഖത്തേക്ക് നോക്കുവാന്‍ പോലും എനിക്കു ധൈര്യമില്ല.എന്നില്‍ കനിയണമേ’‘ എന്നു പ്രാര്‍ത്ഥിച്ചു.
ഇവരില്‍ രണ്ടാമന്റെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിച്ചത്..ഈ ചുങ്കക്കാരനെ പോലെ തങ്ങളെതന്നെ എളീമപ്പെടൂത്തുകയും സഹജരെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആത്മീയത വെളീപ്പെടൂന്നത്..

Saturday, March 29, 2008

ചുവരുകള്‍ക്കുള്ളീല്‍ തളയ്ക്കാനാവില്ല ദൈവചൈതന്യത്തെ..

വിശ്വകവി രവീന്ദ്ര നാഥ് ടാഗോര്‍..ഗീതാഞ്ജലി

വാതിലടച്ച് ഈ ക്ഷേത്രത്തിന്റെ ഇരുണ്ട കോണില്‍ നിങ്ങളാരെ പൂജിക്കുന്നു?

കണ്ണൂ തുറന്നു നോക്കൂ..ദൈവം നിങ്ങളുടേ മുമ്പിലില്ല.

അവന്‍ അദ്ധ്വാനിച്ച് ഭൂമി കിളയ്ക്കുന്നവന്റെ കൂടേയാണ്.

കോടികള്‍ മുടക്കി ആകാശഗോപുരങ്ങള്‍ പോലെയുള്ള ദേവാലയങ്ങള്‍ പണീതുയര്‍ത്തിയിട്ട് നാം ആര്‍പ്പുവിളീക്കുകയാണ്..ക്രിസ്തു ഇവിടെ, ക്രിസ്തു അവിടെ,ഇവിടെവന്നാല്‍ ശാന്തി, അവിടെ ചെന്നാല്‍ അശാന്തി എന്നൊക്കെ..

ഇല്ല, വിശ്വസിക്കരുത് നിങ്ങള്‍..ആ മലയിലോ ഈ മലയിലോ അല്ല ദൈവത്തെ ആരാദിക്കേണ്ടതെന്നവന്‍ ദാഹജലത്തിനായ് വന്നവളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങളുടെ ഉള്ളീള്‍ ത്തന്നെയുണ്ടവന്‍..ശാന്തിയായ്, സ്നേഹമായ്, ഇളംകാറ്റായ്, കണ്ണീര്‍ മഴയായ് നിങ്ങളെ തലോടിക്കൊണ്ട്..

കേള്‍ക്കുന്നില്ലെ അവന്റെ മൃദുമന്ത്രണം..കാതുകളെ തുറക്കുക, കണ്ണുകളെ പ്രകാശിപ്പിക്കുക, സഹോദരനിലേക്കു നോക്കുക, അവനിലും നിന്നിലും കുടിയിക്കുന്ന ചൈതന്യം ഒന്നു തന്നെയാണെന്നു തിരിച്ചറിയുക...

എന്തിനു വേണ്ടിയാണീ മത്സരങ്ങള്‍? നിന്റെ സഭ, എന്റെ സഭ, നിന്റെ പാരമ്പര്യം, എന്റെ പാരമ്പര്യം, നിന്റെ സ്വത്തുക്കള്‍, എന്റെ സ്വത്തുക്കള്‍ എന്നൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങുന്നത് ആര്‍ക്കു വേണ്ടി? എല്ലായിടവും വിനയാന്വിതനായി, എല്ലാകളികളീലും തോറ്റവനെ പോലെ കൂകി വിളീക്കപ്പെട്ട് അപമാനിതനായി ശരീരം മുഴുവന്‍ ചതച്ചരയ്ക്കപ്പെട്ടവനായി കൈകള്‍ രണ്ടു വിരിച്ചു നില്‍ക്കുന്നവനായ ക്രിസ്തുവിനു വേണ്ടിയോ? അതോ നമ്മുടെ അല്ലെങ്കില്‍ മറ്റൊരുവന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയോ?

എവിടെയെങ്കിലും ആരെങ്കിലും ജയിക്കണമെങ്കില്‍ മറ്റൊരിടത്ത് അപരന്‍ തോല്‍പ്പിക്കപ്പെടണം..ഇത് യാഥാര്‍ത്ഥ്യമാണ്..സഹോദരന്റെ തോല്‍ വിയുടെ കണ്ണീരിന്റെ, ദുഖത്തിന്റെ മുകളില്‍ ചവിട്ടി നിന്നേ നമുക്കു വിജയം ആഘോഷിക്കാനാവൂ..മത്സരങ്ങള്‍ എപ്പോഴും സന്തോഷത്തിന്റെയൊപ്പം അപരന്റെ കണ്ണീരിന്റെ നനവു കൂടി ചേര്‍ന്നതാണെന്നത് വിസ്മരിക്കാതിരിക്കുക..

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തേയും..

Tuesday, December 11, 2007

സ്നേഹത്തിനൊരു ദുര്‍സാക്ഷ്യം

സുവിശേഷങ്ങള്‍ മുഴുവനും ക്രിസ്തു ഈ ഭൂമിയെ എങ്ങനെ സ്നേഹിച്ചു എന്നതിന്റെ സാക്ഷ്യങ്ങളാണ്.പീഡിപ്പിച്ചവരോടു ക്ഷമിച്ചു കൊണ്ടും, ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും,ഒരു കരണത്ത് അടിച്ചവനു മറുകരണം കാണിച്ചി കൊടുത്തുമൊക്കെ...
എന്നാല്‍ ക്രിസ്തുനാമം പേറുന്ന ഞങ്ങളോ, നിനക്കു സാക്ഷ്യമാകേണ്ടവര്‍ ഞങ്ങള്‍..
പരസ്പരം വെല്ലുവിളിച്ചും കൊലയ്ക്കു കൊടുത്തും, സ്വാര്‍ത്ഥമോഹികള്‍ ഞങ്ങള്‍
പൊറുക്കാനും, ക്ഷമിക്കാനും, മറക്കാനും കഴിയാത്തവര്‍ ഞങ്ങള്‍
സഹജര്‍ പട്ടിണിയില്‍ കിടന്നു വലയുമ്പോഴും കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിത്
നിന്റെ മുമ്പില്‍ ആരാധനയ്ക്കായണയുന്നവര്‍ മൂഡര്‍ ഞങ്ങള്‍
വിശക്കുന്നവന് അപ്പം നല്‍കാതെ ഘോരഘോരം പ്രഭാഷണം നടത്തുന്നവര്‍ ഞങ്ങള്‍
സ്വന്ത കണ്ണീലെ കോല്‍ കാണാതെ അപരന്റെ കണ്ണിലെ കരടെടൂത്തു കളയുവാന്‍ വെമ്പുന്ന ദുഷ്ടരാം വിധികര്‍ത്താക്കള്‍ ഞങ്ങള്‍
സമ്പത്തും സ്റ്റാറ്റസും സമൂഹത്തില്‍ വിലയുമുള്ള മാന്യര്‍ ചമയുവാന്‍ വെമ്പല്‍ കൂട്ടുന്നവര്‍ ഞങ്ങള്‍
അങ്ങോ വിധവകളോടും അനാഥരോടും പാപികളോടൂം കൂടെ ജീവിതം പങ്കിട്ടവന്‍
പുറമേ മനം കുളീര്‍ത്തും പുഞ്ചിരിയും, ഉള്ളീലൊ പക തന്‍ വിഷവുമായ്
കപടത തന്‍ പൊയ് മുഖമണിയുന്നവര്‍ ഞങ്ങള്‍
ആവശ്യക്കാരനാം സഹോദരനില്‍ ദൈവത്തെ കണ്ടുമുട്ടാന്‍ കാഴ്ചയില്ലാതെ
വഴിപാടുകളുമായ്, ഭണ്ടാരങ്ങള്‍ തേടീ തീര്‍ത്ഥയാത്ര നടത്തുന്ന അന്ധരായവര്‍ ഞങ്ങള്‍
എന്നിട്ടും എന്നിട്ടും സ്നേഹവും കരുണയും ആര്‍ദ്രതയുമായ് ഞങ്ങള്‍ തന്‍ ചാരെ വന്നെത്തും ദേവാ..
നിന്‍ നാമം ഉച്ചരിപ്പാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഞങ്ങള്‍
എന്നാലും നിന്‍ മക്കളായ് ഞങ്ങളെ ചേര്‍ത്തണച്ചിരിക്കുന്നു
എന്തു പ്രതിപകരം ഞാന്‍ നിനക്കായ് നല്‍കിടും എന്‍ പ്രഭോ?

സ്നേഹത്തിന്റെ സുവിശേഷം..

എന്താണ് സ്നേഹം?
സ്നേഹം ദീര്‍ഘമായി ക്ഷമിക്കുന്നു, ദയകാട്ടുന്നു..
സ്നേഹം അസൂയപ്പെടുന്നില്ല
സ്നേഹം ആത്മപ്രശംസ ചെയ്യുന്നില്ല
സ്നേഹം അഹങ്കരിക്കുന്നില്ല
സ്നേഹം അനുചിതമായി പെരുമാറുന്നില്ല
സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല
സ്നേഹം കോപിക്കുന്നില്ല
സ്നേഹംവിദ്വേഷം വച്ചു പുലര്‍ത്തുന്നില്ല
സ്നേഹം അയല്‍ക്കരനു ഒരു ദ്രോഹവും വരുത്തുകയില്ല
സ്നേഹം അനീതിയില്‍ സന്തോഷിക്കുന്നില്ല,എന്നാല്‍
സ്നേഹം സ്ത്യത്തില്‍ ആഹ്ലാദിക്കുന്നു
സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും വിശ്വസിക്കുന്നു
സ്നേഹം സകലതും പ്രത്യാശിക്കുന്നു
ഞാന്‍ മനുഷ്യരുടെയോ ദൈവദൂതന്മാരുടെയോ ഭാഷകളില്‍ സംസാരിച്ചാലും എന്നില്‍ സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്തളമോ പോലെ അത്രേ..
ഞാന്‍ വലിയ വിജ്ഞാനിയാണെങ്കിലോ,എല്ല രഹസ്യങ്ങളും എനിക്കറിയാം,എനിക്ക് മലകളെ നീക്കുവാന്‍ തക്ക വിശ്വാസമുണ്ട്, എങ്കിലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല..
ഞാന്‍ വലിയ ത്യാഗിയാണ്, എന്റെ സകല സമ്പത്തും ഞാന്‍ ദാനം ചെയ്യുന്നു, എന്റെ ശരീരം പോലും ദഹനബലിയായി ഞാന്‍ സമര്‍പ്പിക്കുന്നു, എന്നകിലും എന്നില്‍ സ്നേഹമില്ല എങ്കില്‍ ഒരു പ്രയോജനവുമില്ല...
എല്ലാം നഷ്ടപ്പെട്ടാലും നിലനില്‍ക്കുന്നത് ഒന്നേയുള്ളു..സ്നേഹം മാത്രം..
സെയ്ന്റ് പോള്‍ സ്നേഹത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്..
എന്നാല്‍ ക്രിസ്തു ഇങ്ങനെ പറയുന്നു..‘‘കണ്ണീനു പകരം കണ്ണ് എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ.എന്നാല്‍ ഞാനോ നിങ്ങളോടു പറയുന്നു.ദുഷ്ടനെ എതിര്‍ക്കരുത്.വലതു കരണത്ത് അടിക്കുന്നവനു ഇടതു കരണവും കൂടി കാണീച്ചു കൊടുക്കുക.
നിന്നോട് വ്യവഹാരം ചെയ്ത് നിന്റെ ഉടുപ്പു കരസ്തമാക്കാന്‍ ശ്രമിക്കുന്നവന് നിന്റെ മേല്‍ വസ്ത്രവും കൂടി കൊടുക്കുക
ഒരു മൈല്‍ ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുവന്റെ കൂടെ രണ്ടു മൈല്‍ ദൂരം പോകുക..
വായ്പ വാങ്ങാന്‍ വരുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്..
അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വോഷിക്കുക എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ..എന്നാല്‍ ഞാനോ നിങ്ങളോടു പറയുന്നു..ശത്രുക്കളെ സ്നേഹിക്കുവീന്‍,നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവീന്‍..
നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ എന്തു പ്രയോജനം?
അവരെ മാത്രം അഭിവാദനം ചെയ്താല്‍ എന്തു പ്രയോജനം?’’.
എന്നാല്‍ സ്നേഹവും ക്ഷമയും കരുണയും ഉത്ഘോഷിച്ചവനെ ലോകം വെറുത്തു...ആസുരമായ ആ കാലത്തിന് അതൊന്നും ഉള്‍ക്കൊള്ളാനായില്ലാ..
എന്നാല്‍ അവരൊ യേശുവിനെ പിടിച്ചു ബന്ധിച്ചു. അവര്‍ അവന്റെ മുഖത്തു തുപ്പുകയും, മുഖം മൂടിക്കെട്ടി മുഷ്ടി കൊണ്ട് ഇടിക്കുകയും ക്രിസ്തുവേ നിന്നെ അടിച്ചതാരാണെന്ന് ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞ് പരിഹസിക്കുകയും അവന്റെ കരണത്തടിക്കുകയും ചെയ്തു. അവര്‍ ഒരു മുള്‍ക്കിരീടം ഉണ്ടാക്കി അവന്റെ തലയില്‍ വച്ചു.വലതു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ‘രാജാവേ സ്വസ്തി’ എന്നു വണങ്ങി അവനെ പരിഹസിച്ചു.കള്ളസാക്ഷികളെ അവനെതിരായി നിര്‍ത്തി.
എന്നാല്‍ ക്രിസ്തുവാകട്ടെ ഒന്നും പറഞ്ഞില്ല. പ്രതിഷേധിച്ചതുമില്ല. അറുക്കുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെയെന്ന പോലെ അവന്‍ അവരുടെ മുമ്പാകെ തല കുമ്പിട്ടു നിന്നു.
വിധികര്‍ത്താവായ പീലാത്തോസ് അവനില്‍ ഒരു കുറ്റവും കണ്ടില്ല. അതു കൊണ്ട് ഞാനവനെ അടിപ്പിച്ചതിനു ശേഷം വിട്ടയയ്ക്കാം എന്നു പറഞ്ഞു. എന്നാല്‍ അവരോ‘’അവനെ ക്രൂശിക്കുക‘’ എന്ന് ഉച്ചത്തില്‍ ആര്‍ത്തു കൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പീലാത്തോസ് അവനെ ക്രൂശുമരണത്തിനു ഏല്‍പ്പിച്ചു കൊടൂത്തു.
ഭാരമേറിയ ഒരു കുരിശ് തോളില്‍ ചുമന്നു കൊണ്ട് അവന്‍ ഗോല്‍ഗോഥാ മലയിലേക്ക് യാത്രയായി. വഴിയില്‍ പലപ്രവശ്യം തളര്‍ന്ന് വീണു പോയ അവന്‍ പെട്ടെന്ന് മരിച്ചുപോയേക്കുമോ എന്നു ഭയന്ന് അവര്‍ മറ്റൊരാളെ ക്രൂശു ചുമക്കാനായി ഏര്‍പ്പെടുത്തി.’തലയോടിടം’ എന്നു വിളിക്കപ്പെട്ടിരുന്ന സ്ഥലത്ത് അവര്‍ മറ്റ് രണ്ട് കള്ളന്മാരോടു കൂടെ അവനെ ക്രൂശില്‍ തറച്ചു.വേദന അറിയാതിരിക്കാന്‍ അവര്‍ അവനു മീറ കലര്‍ത്തിയ വീഞ്ഞ് കൊടുത്തു. അവനാകട്ടെ അതു രുചിച്കു നോക്കിയിട്ട് കുടിച്ചില്ല.(എല്ല വേദനകളും അവന്‍ തന്റെ ശരീരത്തില്‍ അറിഞ്ഞ് സഹിക്കുകയായിരുന്നു, മനുഷ്യരാശിയുടെ മുഴുവന്‍ പാപവും ഏറ്റെടുക്കുവാന്‍ വേണ്ടി) അവന്റെ വസ്ത്രം അവര്‍ ചീട്ടിട്ട് ഭാഗിച്ചു. ഇവന്‍ യെഹൂദരുടെ രാജാവ് എന്നു പരിഹാസ പൂര്‍വം ഒരു മേലെഴുത്തും ക്രൂശിനു മീതെയായി വച്ചു. ‘അത്ഭുതങ്ങള്‍ ചെയ്തവനല്ലെ, കഴിയുമെങ്കില്‍ ക്രൂശില്‍ നിന്നുമിറങ്ങിവാ‘ എന്നവര്‍ പരിഹാസപൂര്‍വം പറഞ്ഞു. കടന്നു പോയവര്‍ തലകുലുക്കിക്കൊണ്ട് അവനെ ദുഷിച്ചു സംസാരിച്ചു.ഒരുവന്‍ കുന്തം കൊണ്ട് അവന്റെ നെഞ്ചത്തു കുത്തി, അപ്പോള്‍ രക്തം ചീറ്റിയൊഴുകി..
അനന്തരം അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു..’‘പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല,ഇവരോട് ക്ഷമിക്കേണമേ’‘..പിതാവാം ദൈവത്തിന്റെ കരങ്ങളിലേക്ക് ആത്മാവിനെ സമര്‍പ്പിച്ചു കൊണ്ട് അവന്‍ പ്രാണനെ വെടിഞ്ഞു....
എന്നാല്‍ മൂന്നാം ദിവസം അവന്‍ മരണത്തെ തോല്‍പ്പിച്ചു കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റു...


തുടരുന്നു.