
ഈസ്റ്റര്‍ നോമ്പിന്റെ പുണ്യദിനങ്ങള്‍ പാതിയോളം പിന്നിട്ടിരിക്കുന്നു..ഈ അമ്പതു ദിവസങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു.ഭക്ഷണങ്ങളില്‍ ചില ചിട്ടകള്‍വേണമെന്ന്.അതായത് പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആകുക, പാലും ഉപേക്ഷിക്കാനാവുമെങ്കില്‍ അതും. പ്രാര്‍ത്ഥനകളില്‍ കുറെകൂടി നേരം ചിലവഴിക്കുക.ചിട്ടപ്പെടുത്തിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ട്. ദുശ്ശീലങ്ങളില്‍ നിന്ന് , ദുര്‍മോഹങ്ങളില്‍ നിന്ന്,ദുശ്ചിന്തകളില്‍ നിന്ന്, തെറ്റായ വഴികളില്‍ നിന്ന് പിന്തിരിയുക.തുടങ്ങിയവ.നോമ്പിന്റെ അവസാനദിവസമായ ഈസ്റ്റര്‍ (ഉയിര്‍പ്പു തിരുനാള്‍) ഞയറാഴ്ചയിലേക്ക് പ്രവേശിക്കുവാന്‍ തക്കവണ്ണം ഹൃദയവും മനസ്സും ശുദ്ധീകരിച്ച് ഒരുക്കത്തോടു കൂടെയായിരിക്കണമെന്ന് സഭ..
ഒക്കെ നല്ലതു തന്നെ.പക്ഷേ ബാഹ്യമായ നോമ്പാചരണങ്ങളെല്ലാം തന്നെ ഹൃദയത്തെ തൊടാതെ നമ്മുടെ പുറന്തോടിനെ മാത്രം തലോടി കടന്നുപോകുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഒരു മടുപ്പ് അനുഭവപ്പെടുകയാണ്.കഴിഞ്ഞാഴ്ചയിലൊരു ദിവസം ഒരു ചെറിയ ക്ലാസെടുക്കാന്‍ ക്ഷണം കിട്ടിയിരുന്നു.അല്പം പോലും ആഗ്രഹമുണ്ടായിരുന്നില്ല പോകാന്‍, കാരണം വിശുദ്ധമായ ദൈവവചനത്തെ ഉച്ചരിക്കാന്‍ അര്‍ഹതയില്ലെന്നു വ്യക്തമായി തിരിച്ചറിയുന്നതു കൊണ്ടാണ്.രണ്ടു ദിവസംപുറം ലോകം അടച്ചു വെച്ച് ഞാന്‍ കണ്ണടച്ചിരുന്നു.മറ്റൊന്നും ഉള്ളില്‍ വരുന്നുണ്ടായിരുന്നില്ല.ഒരു കുറ്റബോധമെന്നോ, പാപബൊധമെന്നോ പറയാം.‘ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കണമേയെന്നു പ്രാര്‍ത്ഥിക്കാന്‍,അത് പ്രവത്തിക്കാന്‍ പഠിപ്പിച്ചവന്റെ മുന്നിലേക്ക് ഉള്ളു നിറയെ നീരസവും, പകയുമായി, അഹത്തിന്റെ കടിഞ്ഞാണിനെ നിയന്ത്രിക്കാന്‍ കെല്പില്ലാതെ, അഹന്തയുടെ പൊയ്ക്കാലുകളുമേന്തി,കാപട്യത്തിന്റെ മുഖം മൂടികളുമിട്ട്,ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും തേരിലേറി ഞങ്ങള്‍ക്കെങ്ങനെ വരാന്‍ സാധിക്കുമെന്ന ചോദ്യം ഒരു വ്യഥ പോലെ ഉള്ളില്‍ തളം കെട്ടി നിന്നിരുന്നു..
അനുതാപത്തിന്റെ വഴികളെ പറ്റിയായിരുന്നു സംസാരിച്ചത്.
അനുതപിക്കുകയെന്നാല്‍,
1..നഷ്ടപ്പെട്ടു പോയ നിന്റെ ബന്ധങ്ങളെ വിളക്കിയോചിപ്പിക്കുക എന്നാണ്. ശാരീരിക മുറിവുകളേക്കാള്‍ മനസ്സിനു മുറിവേറ്റര്‍ അധികമുള്ളിടമാണ് ഭൂമി.മൂന്നുതരം ബന്ധങ്ങളുണ്ട് മനുഷ്യന്.ഒന്നാമതായി
ദൈവത്തോട്,പിന്നെ മനുഷ്യരോട്,പിന്നെ ഭൂമിയോട്. സ്വസ്ഥമായ ജീവിതത്തിന് ഈ മൂന്നു ബന്ധങ്ങളും ഒരേപോലെ തന്നെ
ചേര്‍ന്നിരിക്കേണ്ടതുണ്ട്.എവിടെയെങ്കിലും ഒരു കണ്ണി വിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ബാക്കി മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍
കാണാം.നീ ബലിയര്‍പ്പിക്കാനായി വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും (നിനക്ക് അവനോടെന്തെങ്കിലും)
വിരോധമുണ്ടെന്ന് തോന്നിയാല്‍ ബലിവസ്തു അവിടെ ബലിപീഠത്തിന്റെ മുന്‍പില്‍ വെച്ചിട്ട് പോയി നിന്റെ സഹോദരനോട്
നിരപ്പായതിനു ശേഷം മാത്രം വന്നു ബലിയര്‍പ്പിക്കുക എന്ന് ക്രിസ്തു പറയുന്നുണ്ട്..
വീട്ടില്‍, തൊഴിലിടങ്ങളില്‍,ഇടപെടുന്ന വ്യക്തികളില്‍ എവിടെയെങ്കിലും നഷ്ടപ്പെട്ട ബന്ധങ്ങള്‍ കണ്ണികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തി വിളക്കിയോചിപ്പിക്കുക എന്നതാകട്ടെ ഇത്തവണത്തെ നോമ്പിന്റെ വിളി..മുറിവേറ്റവരുടെ മുന്‍പില്‍ മുറിവേല്‍പ്പിച്ചവരുടെ മുന്‍പില്‍ നിന്ന് ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ശിരസ്സു നമിച്ച് പറയാനുള്ള കൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.
2അനുതപിക്കുകയെന്നാല്‍ സ്വയം തിരിച്ചറിയുക എന്നാണ്....നിന്റെ തന്നെ കുറവുകളെ,ദൌര്‍ബല്യങ്ങളെ, അതോടൊപ്പം കഴിവുകളെ കണ്ടെത്തി ഉപെക്ഷിക്കേണ്ടവയെ ഉപേക്ഷിച്ചും, പോഷിപ്പിക്കേണ്ടതിനെ പോഷിപ്പിച്ചും കൊണ്ട് പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവുക..പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ നേരിടാനാകാതെ ,സ്വയം അഭിമുഖീകരിക്കാനാവാതെ സ്വയം അംഗീകരിക്കാനാകാതെ പൊള്ളയായ വേഷങ്ങള്‍ കെട്ടി നാം സ്വയം കബളിപ്പിക്കുകയാണ്, മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്നു...
3..അനുതപിക്കുകയെന്നാല്‍ നമ്മുടെ ആദിനൈര്‍മ്മല്യങ്ങളിലേക്ക് മടങ്ങിപ്പോവുകയെന്നാണ്..കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ക്കുണ്ടായിരുന്ന നിര്‍മ്മലത കാലം പിന്നിടുമ്പോള്‍ ജീവിതത്തിന്റെ പരുക്കന്‍ അനുഭവങ്ങള്‍ മൂലം കൈവിട്ടു കളയേണ്ടി വന്നു.കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ..എത്ര പെട്ടെന്നാണ് അവര്‍ തങ്ങളെ മുറിപ്പെടുത്തിയവരോട് ക്ഷമിച്ചിട്ട് വീണ്ടും കൂട്ടു കൂടുന്നത്.മനസ്സിന്റെ അബോധതലങ്ങളിലേക്ക് അവര്‍ തങ്ങളുടെ ദുരനുഭവങ്ങളെ ചേര്‍ത്തുവെച്ചിട്ട് പകയും വിദ്വേഷവും തിരികെ കൊടുക്കുന്നില്ല.പക്ഷേ നമ്മള്‍ മുതിര്‍ന്നവരൊ ‘മരിച്ചാലും ഞാനത് മറക്കില്ലാന്നും,നീയിതിന് അനുഭവിച്ചേ പോകൂ’ന്നൊക്കെ ശാപവാക്കുകളുമായി.അനുതപിക്കുകയെന്നാല്‍ ശൈശവത്തിന്റെ പവിത്രതകളെ തിരികെ പിടിക്കുകയെന്നര്‍ത്ഥം.
4..അനുതപിക്കുകയെന്നാല്‍ നമ്മുടെ തെറ്റായ വഴികളില്‍ നിന്ന്, കാപട്യങ്ങളില്‍ നിന്ന് പിന്മാറുക എന്നീണ്.....എന്നിട്ട് സത്യത്തിന്റെ വഴിയെ പിന്തുടരുക..ഏറ്റവും വലിയ പാപങ്ങളിലൊന്നായി യെഹൂദന്മാര്‍ കണക്കാക്കിയിരുന്ന് വ്യഭിചാരം.പക്ഷേ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടെ സ്ത്രീയെ ‘പോക ഇനി മേല്‍ പാപംചെയ്യരുതെന്നു’ മാത്രം ഉപദേശിക്കുന്ന ക്രിസ്തുവാകട്ടേ പരീശന്മാരുടെയും സാദുക്യരുടെയും കാപട്യത്തെ കഠിനപദങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിക്കുന്നു..വെള്ളയടിച്ച കുഴിമാടങ്ങളെന്നും സര്‍പ്പസന്തതികളെന്നുമൊക്കെ വിളിക്കുന്നു..
ഒരിക്കല്‍ ക്രിസ്തു ഫലമില്ലാതെ നിറയെ ഇല ചൂടി നിന്ന ഒരു അത്തിമരത്തെ ശപിക്കുകയും അതു സമൂലം ഉണങ്ങി പോകുകയും ചെയ്യുന്നുണ്ട്.എപ്പോഴും ശാന്തനായി മാത്രം കാണപ്പെട്ടിരുന്നവന്‍, അത് അത്തിപ്പഴങ്ങളുടെ കാലമല്ലാഞ്ഞിട്ടു കൂടി എന്തിനിങ്ങനെ ചെയ്തുവെന്ന് ചിന്തിച്ചുപോയിട്ടുണ്ട്.അതിന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്ന ഒരു കാര്യം ഇങ്ങനെയാണ്.അതായത് അത്തിമരം അതിന്റെ ഫലമില്ലായ്മയെ പച്ചിലകളാല്‍ മറച്ചുപിടിച്ചിരുന്നു എന്നാണ്.പലപ്പോഴും നമ്മിലും സംഭവിക്കാവുന്ന കാര്യം തന്നെ.
ഫലമുണ്ടെന്നു തോന്നുമാറ്, സ്നേഹമുണ്ടെന്ന് തോന്നുമാറ്, ഭക്തിയുണ്ടെന്നു തോന്നുമാറ്,കരുണയുണ്ടെന്നു തോന്നുമാറ്,കാപട്യങ്ങള്‍ കൊണ്ട് യാഥാര്‍ഥ്യത്തെ മറച്ചു പിടിക്കുന്നവര്‍.. എല്ലാം ഹൃദയങ്ങളെ കാണുന്ന ദൈവത്തിന്റെ മുന്‍പില്‍ എന്ന തിരിച്ചറിവില്ലാതെ..
നോമ്പ് ഒരു തിരിച്ചുവരവാകട്ടെ..ക്രിസ്തുവിലേക്ക്,അവനിലൂടെ നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളീലേക്ക്, അവിടുത്തെ പാദപീഠമായ ഭൂമിയുടെ, പ്രകൃതിയുടെ താളങ്ങളിലേക്ക്...
6 comments:
nalla chinthakal........
spiritual........
go ahead.,.....
നല്ല ചിന്തകള്‍, നല്ല ശൈലീ... ഇടയ്ക്കു ലേഖനങ്ങള്‍ മനുഷ്യസ്നേഹിക്ക് അയച്ചു കൂടെ?
വളരെ ഋജുവായി, ലളിതമായി ആശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
ഇത് ഇന്നേ കാണാന്‍ കഴിഞ്ഞുള്ളൂ....
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട് ...
നന്നായിട്ടുണ്ട്. ഈ ലേഖനം. ഡോക്ടറുടെ ബ്ലോഗുകള്‍ ജാലകം , ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ രെജിസ്റ്റര്‍ ചെയ്യൂ. അത് വഴി കൂടുതല്‍ ആളുകള്‍ എത്തിച്ചേരട്ടെ.. കൂടുതല്‍ പേരിലേക്ക് ഈ ചിന്തകള്‍ കടന്നു ചെല്ലട്ടെ..
those 4 points make more sense than our usual external, routine rituals
Post a Comment